Thursday 7 July 2011

ഇസ്ലാമിനെ ഇങ്ങിനെ പരിഹാസ്യമാക്കണോ?

എന്റെ ആദ്യപോസ്റ്റ്‌ ആണിത്‌.

ബ്ലോഗ്‌ വായിക്കാൻ തുടങ്ങി കുറച്ചു മാസങ്ങളായി, ചിലയിടത്തെല്ലാം കമന്റിടുകയും ചെയ്തു. ഒരു പോസ്റ്റ്‌ ഇടണമെന്ന് പലപ്പോഴും കരുതിയിരുന്നെൻകിലും ഒന്നിച്ച്‌ സമയം അധികം കിട്ടാതിരുന്നതിനാലും എന്തെഴുതാം എന്ന ചിന്താക്കുഴപ്പം ഉണ്ടായതിനാലും ഒന്നും നടന്നില്ല.

ആദ്യപോസ്റ്റ്‌ തന്നെ ഇത്തരത്തിലായതിൽ സന്തോഷമൊന്നുമില്ല, പക്ഷെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചപ്പോൾ ഇതെൻകിലും എഴുതാതെ വയ്യ എന്നു തോന്നി.

അൻസാർ അലി എന്നൊരാളുടെ പോസ്റ്റാണിത്‌. വിഷയം ബഹുഭാര്യാത്വം. ഇതേക്കുറിച്ച്‌ പലരും അഭിപ്രായങ്ങൾ പറഞ്ഞുകേട്ടിട്ടുണ്ട്‌, ബ്ലോഗിൽ അധികം വായിക്കാൻ സാധിച്ചിട്ടില്ല. ഞാൻ വരുന്നതിനു മുൻപെ ആരെൻകിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല.

സത്യത്തിൽ ഇസ്ലാമിനെ ഇത്രയധികം പരിഹാസ്യമായി അവതരിപ്പിക്കുന്ന ഒരു ലേഖനം ഞാൻ ഇസ്ലാം വിശ്വാസികളിൽ നിന്നും കണ്ടിട്ടില്ല. അതിൽ പറയുന്ന പോയിന്റുകളല്ല പ്രശ്നം, പലതും മുൻപേ കേട്ടിട്ടുള്ളവയാണ്‌. ഇവിടെ ലേഖകന്റെ നിലപാടുകളാണ്‌ ബഹുഭാര്യാത്വം എന്ന ഈ വ്യവസ്ഥയെ വിക്രുതമാക്കി കാണിക്കുന്നതും അതിലൂടെ ഇസ്ലാം വിശ്വാസത്തെ തന്നെ പരിഹാസ്യമാക്കുന്നതും. ഇതാണ്‌ ചിന്താഗതിയെൻകിൽ നിങ്ങളെ കളിയാക്കുന്നതിൽ എന്താണൽഭുതം എന്ന് ഒരു അന്യമതസ്ഥനോ യുക്തിവാദിയോ ചോദിച്ചാൽ അതിശയമില്ല.

പോസ്റ്റിലേക്ക്‌....

പ്രധാനമായും എട്ടു പോയിന്റുകളാണ്‌ പോസ്റ്റിൽ ബഹുഭാര്യാത്വം അത്യാവശ്യം (?) ആണെന്നതിന്‌ നിരത്തുന്നത്‌. ശ്രദ്ധിക്കുക, ഇവിടെ അത്യാവശ്യം എന്ന പദം തന്നെയാണ്‌ ലേഖകൻ ഉപയോഗിച്ചിട്ടുള്ളത്‌.

ആദ്യഖണ്ഡിക ഇപ്രകാരം പറയുന്നു.
രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കാൻ ധൈര്യമില്ലാത്ത ഭീരുക്കൾ ആ പുണ്യ കർമത്തെ അവമതിക്കുകയും അപഹസിക്കുകയും ചെയ്യുന്നു. വിവാഹം വെറുക്കുകയും എന്നാൽ വ്യഭിചാരം ഇഷ്ടപ്പെടുകയും ചെയ്യുന്ന യുക്തിവാദി മൃഗങ്ങളും ബഹുഭാര്യാത്വത്തിനെതിരെ ഓരിയിടുന്നു. റസൂലിന്റെയും ഖലീഫമാരുടെയും ചര്യയെ അവമതിക്കുന്നതിൽ ചില വിവരമില്ലാത്ത മുസ്ലീങ്ങളും പങ്കെടുക്കുന്നതിൽ മുസ്‌ലിം സമുദായം ലജ്ജിക്കുന്നു. അല്ലാഹു ബഹുഭാര്യാത്വം അനുവദിച്ചതിൽ യാതൊരു യുക്തി കേടുമില്ല. താഴെ പറയുന്ന കാരണങ്ങളാൽ ബഹുഭാര്യാത്വം മനുഷ്യ സമൂഹത്തിൽ എന്നും നിലനിൽക്കേണ്ടത്‌ അത്യാവശ്യമാണ്‌

അത്യാവശ്യം ന്യായീകരിക്കാനുള്ള പോയിന്റുകൾ താഴെ (കൂടെ എന്റെ ചിന്തകളും)

1. പുരുഷന്മാരിൽ അനിയന്ത്രിതമായ ലൈംഗികശേഷി ഉണ്ടാകുന്നത സ്വാഭാവികം. അത്തരക്കാർ വ്യഭിചരിക്കാതിരിക്കാൻ ഒന്നിലധികം ഭാര്യമാർ വേണം. യുക്തിവാദികൾ വ്യഭിചരിക്കുന്നു. ഭീരുക്കളായ മുസ്ലീങ്ങൾ കഴുതക്കാമം കരഞ്ഞുതീർക്കുന്നു.
അനിയന്ത്രിതമായ ലൈംഗികശേഷി ഉള്ളവരെ നാം എന്തുവിളിക്കും? സ്വന്തം വികാരം അണപൊട്ടിയൊഴുകുന്നത്‌ തടയാൻ കെൽപില്ലാത്തവർ സമൂഹത്തിനൊരു ബാധ്യതയാണ്‌. ഇത്തരം ആളുകൾ യാത്ര പോകുമ്പോൾ ആണു ഈ അനിയന്ത്രിതമായ വികാരം വരുന്നതെൻകിൽ അവരെന്തു ചെയ്യും?
സമ്യമനം എന്നൊരു ഏർപ്പാട്‌ ഇവർക്ക്‌ അറിയില്ലെന്നുണ്ടോ? ഒരു ഏഴ്‌ ദിവസം പോലും തന്റെ കാമം അടക്കിവെക്കാൻ കഴിയാത്തവരാണൊ അല്ലാഹു സ്രുഷ്ടിച്ച പുരുഷൻ? അവനുവേണ്ടിയാണോ ഇക്കണ്ട പ്രപഞ്ചം മുഴുവൻ ഉണ്ടാക്കിയത്‌?


2. ഭാര്യക്ക്‌ ലൈംഗീക ശേഷി കുറഞ്ഞിരുന്നാൽ ശരാശരി ലൈംഗീക ശേഷിയുള്ള ഭർത്താവിനു പോലും രണ്ടാമത്‌ ഒരു ഭാര്യയെ സ്വീകരിക്കേണ്ടി വരും. യുക്തിവാദിക്ക്‌ വേശ്യകളെ സ്വീകരിക്കേണ്ടി വരും. അവനു സ്ത്രീയെന്നാൽ ഒരു ഉപഭോഗ ചരക്കു മാത്രം ആണല്ലോ.
ആദ്യത്തെ പോയിന്റ്‌ എഴുതിയയാൾ തന്നെ പറയണം സ്ത്രീയെന്നാൽ ഉപഭോഗചരക്ക്‌ മാത്രമാണോ അല്ലയോ എന്നത്‌. യുക്തിവാദിക്ക്‌ സ്ത്രീ ഉപഭോഗചരക്ക്‌ ആണെന്ന് ആരാണു ഇദ്ദേഹത്തിനു പറഞ്ഞുകൊടുത്തതെന്നറിയില്ല, ആ ധാരണയുമായിട്ടാണു അദ്ദേഹം ജീവിക്കുന്നതെൻകിൽ, ആകട്ടെ.

ഇവിടെ ലൈംഗികശെഷി കുറഞ്ഞത്‌ ഭർത്താവിനാണെൻകിൽ എന്ന സാഹചര്യം ഈ സുഹ്രുത്ത്‌ ചിന്തിച്ചിറ്റ്റ്റുണ്ടോ ആവോ.

3. ഭാര്യക്ക്‌ ശാരീരികമോ മാനസികമോ ആയി രോഗങ്ങൾ ബാധിച്ചാൽ (ഭാര്യ തന്നെ മുൻകൈയ്യെടുത്ത്‌ ഭർത്തവിനെക്കൊണ്ട്‌ കെട്ടിക്കും)

ഇവിടെയും ഭർത്താവിന്റെ ഇതേ അവസ്ഥ പരിഗണിക്കുന്നില്ല. ഭർത്താവിനാണു ഈ അവസ്ഥയെൻകിൽ ഭാര്യ എങ്ങിനെ പ്രതികരിക്കണം?
4. ഭാര്യ വന്ധ്യ ആണെൻകിൽ.

ഭർത്താവിന്‌ വന്ധ്യത ഉള്ള അവസ്ഥയിൽ, ഭാര്യക്ക്‌ (ഏതൊരു സ്ത്രീക്കും) ഒരു കുഞ്ഞ്‌ വേണമെന്നുണ്ടെൻകിലോ.

5. ഒന്നോ രണ്ടൊ പ്രസവത്തോടെ ഭാര്യയുടെ പ്രസവിക്കാനുള്ള കഴിവില്ലാതാവുകയും ഭർത്താവിന്‌ എമ്പാടും മക്കൾ വേണമെന്ന് ആഗ്രഹമുണ്ടാവുകയും ചെയ്താൽ...

കഷ്ടം.
ആദ്യത്തെ അഞ്ച്‌ പോയിന്റുകളും ചുറ്റിക്കറങ്ങുന്നത്‌ ഒരേ ആശയത്തിലാണ്‌, പുരുഷന്റെ അമിതമായ ലൈംഗികാവശ്യം. സ്ത്രീയെ ഒരു ലൈംഗികവസ്തു, അല്ലെൻകിൽ child producing factory ആയി കാണുന്നത്‌ യുക്തിവാദിയാണോ ഇതുപോലുള്ള ആളുകളാണോ എന്നത്‌ വലിയ ബുദ്ധിമുട്ടില്ലാതെ മനസിലാക്കാവുന്നതല്ലേ? പുരുഷന്റെ വീക്ഷണകോണിലൂടെ മാത്രമാണ്‌ കാര്യങ്ങൾ നോക്കിക്കാണുന്നതും വാദങ്ങൾ ഉന്നയിക്കുന്നതും.

6. യുദ്ധമുണ്ടാകുന്ന അവസ്ഥയിൽ പുരുഷന്മാരുടെ എണ്ണം കുറയും, സ്ത്രീകൾക്ക്‌ ഭർത്താക്കന്മാരെ കിട്ടതെ വരും.

പണ്ടത്തെ കാലത്ത്‌ ഇത്‌ ശരിയായിരിക്കാം, ഇന്ന് അവസ്ഥകളിൽ മാറ്റമേറെയുണ്ട്‌. ഇന്ന് പട്ടാളം എന്നൊരു വിഭാഗം തന്നെയുണ്ട്‌ എല്ലാ രാജ്യങ്ങൾക്കും, പുരുഷന്മാർ എല്ലാവരും യുദ്ധത്തിനു പോകുക എന്ന ഏർപ്പാടൊന്നും ഇന്നില്ല. രാജ്യത്തിന്റെ ജനസംഖ്യയിൽ ചെറിയൊരു ശതമാനം ആളുകളാണ്‌ ഇന്ന് യുദ്ധത്തിനു തയ്യാറായി നിൽക്കുന്നത്‌. ഇതിനെ കവർ ചെയ്യാനാണോ ബഹുഭാര്യാത്വം?

7. ആദ്യമായി വിവാഹം കഴിക്കുന്നവർ വിധവകളെയും സൗന്ദര്യക്കുറവുവരെയും സ്വീകരിക്കില്ല, അവർക്ക്‌ വിവാഹം കഴിക്കണമെൻകിൽ ....

കലക്കി. സൗന്ദര്യക്കുറവുള്ള പുരുഷന്റെ കാര്യമോ? അയാൾക്കും ആദ്യവിവാഹം തന്നെ സുന്ദരിയെ വേണമെന്നുണ്ടാവുമൊ?
പുരുഷന്റെ ഈ ചിന്താഗതി മാറ്റാൻ, ചിലരെൻകിലും സൗന്ദര്യക്കുറവുള്ളവരെയോ വിധവകളെയൊ വിവാഹം ചെയ്യാൻ തയ്യാറാകുന്ന അവസ്ഥയുണ്ടാകാൻ, ദൈവത്തിനോ പ്രവാചകനൊ മതസംഘടനകൾക്കൊ സാധിക്കുന്നില്ല, അതിലും കുറ്റം യുക്തിവാദികൾക്കും സ്ത്രീകൾക്കും.

8  ശാരീരികവും സാമ്പത്തികവും മാനസികവുമായ കഴിവുള്ളവർ ത്യാഗ മനസ്ഥിതിയോടെ കൂടുതൽ സ്ത്രീകളെ സംരക്ഷിക്കാൻ തയാറാവൽ ഒരു പുണ്യമാണല്ലോ.

അദ്ദാണ്‌....
എന്തൊരു ത്യാഗം? ഈയൊരു പോയിന്റ്‌ മാത്രം പോരെ? മറ്റ്‌ ഏഴ്‌ കഥകൾ എന്തിനാണിത്ര ബുദ്ധിമുട്ടി എഴുതിയത്‌?
വിവാഹം കഴിക്കുന്നത്‌ സ്ത്രീയെ സമ്രക്ഷിക്കാനാണെന്നത്‌ ഒരു ചെന്നായയുടെ തന്ത്രം മാത്രമാണ്‌. ഇങ്ങിനെ ത്യാഗമെന്നൊക്കെ പേരിടാം, സത്യം ബഹുദൂരം അകലെ...

ഇതൊക്കെ കേൾക്കാത്ത ന്യായങ്ങളല്ല. പക്ഷെ എന്നെ ശരിക്കും ഇരുത്തിയത്‌ അതിനുശേഷം അൻസാർ എഴുതിയ വരികളാണ്‌.

ഇഹലോകത്തും പരലോകത്തും അല്ലാഹുവിൻറെ പ്രീതി നേടാനുതകുന്ന പുണ്യ കർമമാണ്‌ ബഹുഭാര്യാത്വം. അതിൽ നിന്നും സ്വഭർത്താവിനെ വിലക്കുന്ന ഭാര്യ വെറും നന്മ മുടക്കിയും സ്വാർത്ഥതയുള്ള മനുഷ്യ പിശാചും  മാത്രമാണ്‌. പിശാചുക്കളുടെ ഉപദേശമല്ല ബുദ്ധിയും വിവരവും ഉള്ളവർ സ്വീകരിക്കേണ്ടത്‌.

ചുരുക്കിപ്പറഞ്ഞാൽ ഭർത്താവിന്റെ അമിതകാമം തീർക്കാനും ദുർബലയായൊ രോഗിയോ വന്ധ്യയോ മെനോപ്പോസ്‌ കഴിഞ്ഞതോ ആയ ഭാര്യയെ അവഗണിക്കാനും യുദ്ധത്തിൽ മരിച്ച മറ്റൊരാളുടെ വിധവയെ (എന്തു കാരണം കൊണ്ടാണെൻകിലും) സ്വന്തമാക്കാനും ഒക്കെയുള്ള ആഗ്രഹത്തിന്‌, ആ പുരുഷമൂരാച്ചിത്തരത്തിന്‌ കൂട്ടുനിൽക്കാത്ത സ്ത്രീ സ്വാർത്ഥയാണ്‌, ഇവ്വിധം മൂരാച്ചി സൽഗുണനും.

തന്റെ കാലത്തെ സാമൂഹികസാഹചര്യം (അതിൽ പുരുഷന്റെ കാമവും പെടും) മനസിലാക്കിയ മുഹമ്മദ്‌ തന്റെ അനുയായികൾക്ക്‌ കൂടി സ്വീകാര്യമാകുന്ന വിധത്തിൽ ഒരു നീക്കുപോക്കുണ്ടാക്കി. അതിന്റെ ശരിതെറ്റുകൾ എന്തോ ആകട്ടെ, ഇന്നത്തെ സമൂഹം എന്താണെന്ന് മനസിലാക്കാതെ വാദങ്ങൾ നിരത്തുന്നതും അതിനെതിരായുള്ള കാര്യങ്ങൾ മുഴുവൻ (അത്‌ തന്റെ അവസ്ഥ അപകടത്തിലേക്കാണു പോകുന്നതെന്ന് മനസിലാക്കുന്ന സ്ത്രീയുടെ പ്രതിരോധമാണെൻകിൽപ്പോലും) പൈശാചികമാണെന്നും വിധിക്കുന്ന ഇതുപോലുള്ള പുരുഷമേൽക്കോയ്മക്കാരാണു ഇസ്ലാമിനെ പരിഹാസ്യരാക്കുന്നത്‌, മറ്റാരുമല്ല.

ബഹുഭർത്രുത്വം വേണമെന്നോ വേശ്യാവ്രുത്തി നല്ലതെന്നോ എനിക്കഭിപ്രായമില്ല. പക്ഷെ സ്വന്തം കാമം ഒരുവിധത്തിലും അടക്കാൻ കഴിയാത്തവനു, സമ്യമനം എന്നത്‌ എന്തെന്നറിയാത്തവനു, സമൂഹം എത്ര പുരോഗമിച്ചാലും ഗുണമുണ്ടാകില്ല. It's just that he is still not fit to be called a social animal.